അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് മോഹൻകുമാർ അത് ശ്രദ്ധിച്ചത്. മകൾ സാന്ദ്രയുടെ മുഖം ഇതു വരെ തെളിഞ്ഞിട്ടില്ല.കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥയാണവൾ. ചില ദിവസങ്ങളിൽ അങ്ങനെയായിരിക്കും വരിക. പിന്നീട് ഫ്രഷായി പഠനമൊക്കെ കഴിഞ്ഞ് ആഹാരം കഴിക്കാനെത്തുമ്പോഴേക്കും ഉന്മേഷം വീണ്ടെടുക്കുകയാണ് പതിവ്. ഇന്നിപ്പോൾ കാര്യമായ എന്തോ പ്രശ്നം ഉണ്ടാവും. അവളുടെ മനസ്സിവിടെയില്ലെന്ന് അയാൾക്ക് തോന്നി. ഭാര്യ അനുജ അതൊന്നും ശ്രദ്ധിക്കാതെ ചോറും കറികളും വിളമ്പുകയാണ് .ഭാര്യയെ തോണ്ടി മകൾക്ക് എന്ത് പറ്റിയെന്ന് ആംഗ്യം കാണിച്ച് ചോദിച്ചു. അറിയില്ലെന്ന് അവർ കൈമലർത്തി കാണിച്ചു. ഊണ് കഴിഞ്ഞ് കിടക്കുന്നതിന് മുമ്പ് അനുദിനവിശേഷങ്ങൾ പങ്കുവയ്ക്കാൻ ദിവസവും കൂടാറുള്ള സമയത്ത് ചോദിക്കാമെന്ന് അയാൾ കരുതി. മറ്റെന്തെക്കെയോ കാര്യങ്ങൾ ബോധപൂർവം പറഞ്ഞ് അയാൾ അത്താഴ സമയം തള്ളി നീക്കി. മകൾ ആഹാരം കഴിച്ചെന്ന് ബോദ്ധ്യപ്പെടുത്തുകയായിരുന്നുവെന്ന് അയാൾക്ക് മനസിലായി.
അടുക്കളയിലെ ജോലികളെല്ലാം ഒതുക്കി അനുജ വന്നിട്ട് കുറെ നേരമായ്. മോഹൻകുമാർ മകളെ അന്വേഷിച്ച് അവളുടെ മുറിയിലേക്ക് ചെന്നു. സാന്ദ്ര കട്ടിലിൽ കമഴ്ന്ന് കിടക്കുകയായിരുന്നു. “മോളെ വരൂ, അനുജയ്ക്കൊരു പ്രശ്നം. ഒന്നു സോൾവ് ചെയ്യാം.” അമ്മയ്ക്കെന്തെങ്കിലും പ്രയാസമുണ്ടെന്നറിഞ്ഞാൽ തടസ്സം പറയാതെ മകൾ വരുമെന്ന് അയാൾക്ക് അറിയാമായിരുന്നു.
“അച്ഛാ എനിയ്ക്ക് തലവേദനയുണ്ട്. “
“സാരമില്ല. ഇത് മരുന്നില്ലാതെ മാറിക്കോളും. നല്ല രസമുള്ള കേസാണ്. മോള് വന്നാലേ ശരിയാകൂ, വരൂ.”
മകളുടെ നെറ്റിയിൽ കൈവച്ചു നോക്കിയിട്ട് അയാൾ പറഞ്ഞു, അച്ഛന്റെ സ്നേഹത്തിനു മുമ്പിൽ കീഴടങ്ങി അവൾ അയാൾക്ക് പിന്നാലെ ഹാളിലേക്ക് വന്നു, ഇതൊന്നും അത്ര കാര്യമാക്കാതെ അനുജ ഏതോ മാഗസിൻ മറിച്ച് നോക്കിയിരുന്നു.
അച്ഛനും മകളും അവിടെ വന്നിരുന്നു. “എന്തുപറ്റിയമ്മേ?’, അനൂ , കാര്യം പറയൂ ‘ മോഹൻകുമാർ പറഞ്ഞു . പ്രശ്നം ഇതാണ് . എന്റെ മകൾക്ക് ഇന്ന് എന്തോ കാര്യമായ വിഷമം ഉണ്ടായിട്ടുണ്ട് . അവളിന്നു കോളേജിൽനിന്നു വന്നപ്പോൾ മുതൽ അസ്വസ്ഥയാണ് , അവളുടെ അച്ഛന് സമാധാനമില്ല . ഇതിന് പരിഹാരമുണ്ടാകണം . അനുജ പറഞ്ഞ് നിർത്തി . അച്ഛൻ ബുദ്ധിപൂർവം തന്നെ കൂടുക്കുകയായിരുന്നു എന്ന് സാന്ദ്രയ്ക്ക് മനസ്സിലായി . അവൾ അച്ഛനെ നോക്കി അയാൾ ചിരിച്ചുകൊണ്ട് ഒന്നും അറിയാത്തവനെ പോലെ ഇരുന്നു . “പറയൂ കുട്ടി “. നിന്റെ മുഖം വാടിയിരുന്നാൽ അച്ഛനിന്ന് ഉറങ്ങില്ലെന്നു നിനക്കറിയാമല്ലോ? “പറയൂ മോളെ “. ചെറിയ കാര്യങ്ങൾക്കൊന്നും നീ ഇങ്ങനെ ഇരിക്കുന്നതല്ലല്ലോ ?
“എനിക്കൊരാളോട് പ്രണയം തോന്നി” തമാശ രൂപേണ പറഞ്ഞെങ്കിലും സാന്ദ്രയുടെ ഉള്ള് പിടയുന്നുണ്ടായിരുന്നു.” ആഹാ. ഇതാണോ വല്ല്യ കാര്യം. പത്താം ക്ലാസിൽ വച്ച് എന്നെ പ്രേമിച്ചവളാ നിന്റെ അമ്മ. കോളേജിൽ വച്ച് എത്ര കാമുകന്മാരുണ്ടായിരുന്നെന്നറിയാമോ?” മകളുടെ വിഷമം ഇത്തിരി കുറയട്ടെയെന്നു കരുതി തമാശ പറഞ്ഞ് അയാൾ ഉറക്കെ ചിരിച്ചു.”ഓ, ഒരു പുണ്യവാളൻ, പ്രേമക്കത്തെഴുതുന്നതിന് അവാർഡുണ്ടായിരുന്നെങ്കിൽ എന്നും നിന്റച്ഛന് കിട്ടിയേനെ.” അനുജ തിരിച്ചടിച്ചു.പിന്നെ രണ്ടാളും ഉറക്കെച്ചിരിച്ചു -“അച്ഛാ പ്ലീസ്, ഞാൻ സീരിയസ്സാണ്.” മകളുടെ ശബ്ദം ഇടറിയത് കണ്ട് അവർ ചിരിയടക്കി.”സാരമില്ല മോളൂ ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ തോന്നുക സ്വാഭാവികമാണ് … സുന്ദരിക്കുട്ടിയായ എന്റെ മോൾക്ക് എൻജിനീയറിംഗ് അവസാന വർഷം വരെ നോക്കിയിരിക്കേണ്ടി വന്നു, മനസ്സിൽ പിടിച്ച ആളെ കിട്ടാൻ…. ആട്ടെ അതിനെന്തിനാ നീ വിഷമിക്കുന്നെ.. “
“എനിക്കൊരാളോട് പ്രണയം തോന്നി” തമാശ രൂപേണ പറഞ്ഞെങ്കിലും സാന്ദ്രയുടെ ഉള്ള് പിടയുന്നുണ്ടായിരുന്നു.” ആഹാ. ഇതാണോ വല്ല്യ കാര്യം. പത്താം ക്ലാസിൽ വച്ച് എന്നെ പ്രേമിച്ചവളാ നിന്റെ അമ്മ. കോളേജിൽ വച്ച് എത്ര കാമുകന്മാരുണ്ടായിരുന്നെന്നറിയാമോ?” മകളുടെ വിഷമം ഇത്തിരി കുറയട്ടെയെന്നു കരുതി തമാശ പറഞ്ഞ് അയാൾ ഉറക്കെ ചിരിച്ചു.”ഓ, ഒരു പുണ്യവാളൻ, പ്രേമക്കത്തെഴുതുന്നതിന് അവാർഡുണ്ടായിരുന്നെങ്കിൽ എന്നും നിന്റച്ഛന് കിട്ടിയേനെ.” അനുജ തിരിച്ചടിച്ചു.പിന്നെ രണ്ടാളും ഉറക്കെച്ചിരിച്ചു -“അച്ഛാ പ്ലീസ്, ഞാൻ സീരിയസ്സാണ്.” മകളുടെ ശബ്ദം ഇടറിയത് കണ്ട് അവർ ചിരിയടക്കി.”സാരമില്ല മോളൂ ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ തോന്നുക സ്വാഭാവികമാണ് … സുന്ദരിക്കുട്ടിയായ എന്റെ മോൾക്ക് എൻജിനീയറിംഗ് അവസാന വർഷം വരെ നോക്കിയിരിക്കേണ്ടി വന്നു, മനസ്സിൽ പിടിച്ച ആളെ കിട്ടാൻ…. ആട്ടെ അതിനെന്തിനാ നീ വിഷമിക്കുന്നെ.. “
“നിങ്ങൾക്ക് രണ്ടാൾക്കും ആളിനെയറിയും” സാന്ദ്ര പറഞ്ഞു. മോഹൻ കുമാറും ഭാര്യയും പരസ്പരം നോക്കി. ആരാണാവോയെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.” രാഹുൽ. അവനാ കക്ഷി, ദുഷ്ടൻ…” “അവൻ നിന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ മോളെ. നിനക്കിപ്പോൾ ഇങ്ങനെ തോന്നാൻ?” അനുജ ചോദിച്ചു.സിവിൽ എൻജിനീയറിംഗ് ക്ലാസിൽ വച്ചാണ് രാഹുലും സാന്ദ്രയും സുഹൃത്തുക്കളാകുന്നത്. ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയാണ് രാഹുൽ.എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. രാഹുലിനെ ഉറ്റ സുഹൃത്തായി കിട്ടിയതിൽ സാന്ദ്രയ്ക്ക് പലപ്പോഴും അഭിമാനം തോന്നിയിരുന്നു. അടുത്തിടപഴകാൻ തുടങ്ങിയപ്പോഴാണ് പുറമെ കാണുന്നതല്ല രാഹുലിന്റെ ഉള്ളെന്ന് സാന്ദ്രയ്ക്ക് മനസ്സിലായത്. സങ്കടങ്ങളുടെ ഒരു അലകടലൽ അവിടെ ഇളകി മറിയുന്നുണ്ട്. തികച്ചും പ്രയാസം നിറഞ്ഞ കുടുംബ പശ്ചാത്തലമാണ് അയാൾക്ക് ഉള്ളത്.നഗരത്തിന്റെ അരികിലെ ചേരിയിലാണ് അയാളുടെ വീട്. അച്ഛൻ രാഹുലിന്റെ ചെറുപ്പകാലത്തേ മരണപ്പെട്ടു. അമ്മ കൂലിവേല ചെയ്ത് രാഹുലിനെയും ഇളയ സഹോദരി രാധികയെയും വളർത്തി. കോൺക്രീറ്റ് പണിക്കിടെയുണ്ടായ അപകടത്തിൽ പെട്ട് നട്ടെല്ലിന് ക്ഷതം സംഭവിച്ച് അവരിപ്പോൾ കിടപ്പിലാണ്.രാധിക ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
ക്ലാസ് സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും അമ്മയുടെ പാത പിന്തുടർന്ന് കെട്ടിട നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടും ശേഷം സമയത്ത് നഗരത്തിൽ കപ്പലണ്ടി വിറ്റുമൊക്കെയാണ് രാഹുൽ കുടുംബം പോറ്റുന്നത്. ചോർന്നൊലിക്കുന്ന വീട് നന്നാക്കണം, അനുജത്തിയുടെ വിവാഹം അമ്മയുടെ ചികിത്സ ഇതൊക്കെയാണ് അയാളുടെ ചുമലിലുള്ള ഉത്തരവാദിത്തങ്ങൾ. സഹപാഠികളും വിദ്യാർത്ഥി പ്രസ്ഥാനവുമൊക്കെ സാമ്പത്തികമായി അയാളെ സഹായിക്കുന്നുണ്ട്. സാന്ദ്ര അച്ഛനോട് പറഞ്ഞ് നല്ല നിലയിൽ സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. മിക്ക ദിവസങ്ങളിലും രാഹുലിനുള്ള ഭക്ഷണപ്പൊതിയുമായിട്ടാവും അവൾ കോളേജിലെത്തുക. ഇത്രയും കാലം സാന്ദ്രയ്ക്ക് രാഹുലിനോട് പ്രണയം ഒന്നും തോന്നിയിരുന്നില്ല. പക്ഷേ ക്ലാസുകൾ അവസാനിക്കാറായപ്പോൾ, വേർപിരിയേണ്ടി വരുമെന്ന് തോന്നിത്തുടങ്ങിയപ്പോൾ മനസ്സിൽ ഒരു നീറ്റൽ.
ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ അച്ഛനും അമ്മയും അനുവാദം നൽകിയിട്ടുമുണ്ട്. പ്രണയമുണ്ടായാൽ അവരെ അറിയിക്കണമെന്ന് മാത്രമാണ് ഡിമാന്റ് . പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായിരുന്ന മോഹൻകുമാറിന്റെയും അനുജയുടെയും പ്രണയ വിവാഹമായിരുന്നു..ഒരുപാട് കോളിളക്കം സൃഷ്ടിച്ച വിവാഹം..
“മോളു വിഷമിക്കണ്ട, അച്ഛൻ അവനെയൊന്നു കണ്ട് സംസാരിക്കാം”
“ഇല്ലച്ഛാ, അവൻ പറഞ്ഞാൽ പറഞ്ഞതാ.എനിക്ക് നന്നായിട്ടറിയാം അവന്റെ സ്വഭാവം.”
“ഹ, മോള് ടെൻഷനടിക്കാതെ. എനിക്കും അറിയാമല്ലോ അവനെ. നാളെ അവനെവിടെക്കാണുമെന്ന് വിളിച്ച് ചോദിക്ക്. നമുക്ക് പോയിക്കാണാം.”
കോഴ്സും പരീക്ഷയും കഴിഞ്ഞു. റിസൽട്ട് വന്നാൽ പ്രമുഖ ഐ ടി കമ്പനിയിൽ ജോയിൻ ചെയ്യാം. ക്യാമ്പസ് ഇന്റർവ്യൂവിലൂടെ പ്ലേസ്മെൻറ് ആയതാണ് രാഹുലിന്. അതുവരെ വെറുതെയിരിക്കാൻ അയാൾ തയ്യാറല്ല. സാന്ദ്ര വിളിച്ചപ്പോൾ നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹത്തിന് സദ്യ വിളമ്പാൻ കേറ്റിംഗ് പാർട്ടിയുടെ കൂടെ എത്തിയിട്ടുണ്ടെന്നാണ് രാഹുൽ പറഞ്ഞത്.
വെളുത്ത ഇന്നോവ പാർക്ക് ചെയ്തപ്പോഴേക്കും രാഹുൽ അവിടേക്ക് വന്നു. കേറ്ററിംഗ് യൂണിറ്റിന്റെ യൂണിഫോമും ക്യാപ്പും അണിഞ്ഞ്.
ഗുഡ് മോണിംഗ് സാർ.രാഹുൽ മോഹൻകുമാറിനെ അഭിവാദ്യം ചെയ്തു.
“എന്തു പറ്റി സാന്ദ്ര?”ഒന്നും അറിയാത്തവനെപ്പോലെ അയാൾ ചോദിച്ചത് സാന്ദ്രയ്ക്ക് ഇഷ്ടമായില്ല. അവൾ മുഖം വീർപ്പിച്ച് നിന്നു.
“ഗുഡ് മോർണിംഗ്.രാഹുൽ തിരക്കിലാണോ? കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു”
തിരക്കായില്ല സർ.കല്യാണത്തിന് ഒന്നര മണിക്കൂർ കൂടിയുണ്ട്.”
“വരൂ രാഹുൽ” മോഹൻ കുമാർ രാഹുലുമായി പാർക്കിംഗ് ഏര്യായിൽ തണൽ വിരിച്ച് നിൽക്കുന്ന വാകമരത്തിന്റെ ചുവട്ടിലേക്ക് മാറിനിന്നു. സാന്ദ്ര മൊബൈലിൽ എന്തൊ സെർച്ച് ചെയ്ത് ഇന്നോവയിൽ ചാരി നിന്നു.
” രാഹുൽ, എന്റെ മകൾ താങ്കളോട് അവളുടെ ഇഷ്ടം അറിയിച്ചിരുന്നു എന്ന് അവൾ പറഞ്ഞു.
തന്നെ എനിക്ക് നന്നായിട്ട് അറിയാവുന്നതുകൊണ്ടാണ് ഞാൻ സംസാരിക്കാനായി വന്നത്. രാഹുലിന്റെ പരിമിതികളും ഗുണങ്ങളും എനിക്കറിയാം….സാധാരണ ഗതിയിൽ ചോദിക്കാൻ പാടില്ലാത്തതാണ്. എന്റെ മകളുടെ കാര്യമായതുകൊണ്ട് ചോദിക്കുകയാ.ഇത് സംബന്ധിച്ച് ഒരുവട്ടം കൂടി ആലോചിച്ചു കൂടെ?”സർ, ഞാൻ നിങ്ങളെയൊക്കെ അങ്ങേയറ്റം ബഹുമാനത്തോടു കൂടി കാണുന്നവനാണ്. നിങ്ങടെകൂടി ചോറുണ്ടും സാമ്പത്തിക സഹായം കൊണ്ടുമാണ് ഞാൻ പഠിച്ചത്.സാറിന് എന്റെ വീട്ടിലെ സാഹചര്യങ്ങൾ അറിയാവുന്നതാണല്ലോ! സമൂഹത്തിൽ എന്റെ ചുറ്റുപാടും സാറിന്റെ നിലയും വിലയും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട്. ചേരീന്ന് മാറി ഒരു വീട് വയ്ക്കണം. അമ്മയെ ചികിത്സിക്കണം. അനിയത്തിയുടെ വിദ്യാഭ്യാസം, വിവാഹം…. ഉത്തരവാദിത്തങ്ങൾ ഒരുപാടുണ്ട് സർ. അതിനിടയിൽ. ഞാനിപ്പോൾ ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കുന്നേയില്ല… മാത്രമല്ല സർ, എനിക്ക് സാന്ദ്രയെ അങ്ങനെ കാണാനാവില്ല. എന്റെ നല്ല സുഹൃത്താണവൾ.. പൂവിട്ട് പൂജിക്കപ്പെടേണ്ടവൾ….രാഹുലിന്റെ സ്വരം പതറുന്നുണ്ടായിരുന്നു.
കുട്ടീ, നിനക്കറിയുമോന്നറിയില്ല. ഞാനും ഒരു പാട് കഷ്ടതകളനുഭവിച്ച് വളർന്നതാ. എത്രയോ ദിവസം പട്ടിണി കിടന്നിട്ടുണ്ട്.ഒരു വസ്ത്രം തന്നെ പിഞ്ചി കീറുന്നടം വരെ ഉപയോഗിച്ചിട്ടുണ്ട്. എനിക്കറിയാം നിന്റെ പ്രയാസങ്ങൾ. നിന്നെ ഞാൻ മനസ്സിലാക്കുന്നു. നിനക്കെന്തു വേണമെന്ന് പറയൂ. നിന്റെ അമ്മയുടെ ചികിത്സ സഹോദരിയുടെ വിദ്യാഭ്യാസം, വിവാഹം, നിന്റെ വീടെന്ന സ്വപനം എല്ലാം ഞാൻ ഏറ്റെടുക്കാം”സർ, പ്ലീസ്…മോഹൻകുമാറിന്റെ സംസാരത്തിന് രാഹുൽ തടയിട്ടു.സർ, ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും ഇതൊക്കെ അദ്ധ്വാനിച്ച് തന്നെ നേടണമെന്നാ എന്റെ ആഗ്രഹം. സാറ് പറഞ്ഞ വാഗ്ദാനങ്ങൾക്ക് വഴങ്ങിയാൽ ഞാൻ എന്നെങ്കിലുമൊക്കെ അതിന്റെ പേരിൽ തല കുനിക്കേണ്ടി വരും. എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റിയില്ലെങ്കിലും തലയുയർത്തി ജീവിക്കാമല്ലോ. പിന്നെ, സാറ് കഷ്ടപ്പാട് അറിഞ്ഞ് വളർന്നത് ശരി തന്നെയാ. പക്ഷേ അവളങ്ങനെയല്ലല്ലോ! സമൃദ്ധിയുടെ നടുവിലേക്കല്ലേ അവൾ ജനിച്ചു വീണത്.ഒരിടവേളയിട്ട് മോഹൻകുമാർ ഒരു സിഗരറ്റ് കത്തിച്ച് പുകയൂതി വിട്ടു.തനിക്കെന്റെ മോളെ ശരിക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു, ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമറിയിച്ചു തന്നെയാണ് അവളെ ഞങ്ങൾ വളർത്തിയത്.തനിക്കറിയാമോ വീട്ടിൽ അത്യാവശ്യമില്ലാത്ത എന്തു വാങ്ങിയാലും അവൾ വഴക്കിടും. എനിക്കൊരുടുപ്പോ അവടമ്മയ്ക്കൊരു സാരിയോ വാങ്ങിയാൽ, എന്തിന് അവൾക്ക് ഒരു ചുരിദാറ് വാങ്ങണമെങ്കിൽ പോലും പഴയതൊന്നു കീറണം.സർ, സാധനങ്ങൾ വാങ്ങുന്ന കാര്യമല്ല ഞാനുദ്ദേശിച്ചത്. അവൾ വളർന്ന ഒരു സോഷ്യൽ സ്റ്റാറ്റസ്റ്റുണ്ടല്ലോ. അവിടെ ഞങ്ങൾ തമ്മിൽ ഒരു പാട് അകലമുണ്ട്. ഒരു ഫ്രണ്ടെന്ന നിലയിലേ ഞാൻ അവൾക്ക് ചേരൂ. ബാക്കിയൊക്കെ അവളുടെ പ്രായത്തിന്റെ പക്വമല്ലാത്ത ചിന്തകളാണ്. പ്രണയം തോന്നുമ്പോൾ ഉള്ളിൽ അടക്കി വയ്ക്കുന്ന ചിന്തകളൊക്കെ പിന്നീട് ചങ്ങല പൊട്ടിച്ച് പുറത്ത് ചാടും. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നോളാം സർ, അതാണ് നല്ലത്. മറ്റെന്തെങ്കിലും ഞാൻ ചിന്തിച്ചിട്ടുപോലുമില്ല……അവക്കെന്തു പറ്റിയെന്നാ എനിക്ക് മനസ്സിലാകാത്തത്.താൻ ഫിലോസഫി പഠിച്ചിട്ടുണ്ടോ? മോഹൻകുമാറിന്റെ ചോദ്യം കേട്ട് രാഹുലും ചിരിച്ചു.വെറും ഫിലോസഫിയല്ല സാർ ഇതൊക്കെ യാഥാർത്ഥ്യങ്ങളാണ്. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്ന് കേട്ടിട്ടില്ലേ.എന്തോന്ന് സോഷ്യൽ സെറ്റപ്പ്. അതൊക്കെ നമ്മളുണ്ടാക്കുന്നതല്ലേ. നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണത്.കട്ടും മോട്ടിച്ചും കാശുണ്ടാക്കുന്നവനേയും തൊഴുന്ന മാന്യന്മാരാ നമ്മുടെ സൊസൈറ്റീല്. ചില മാന്യദേഹങ്ങളുടെ തനിനിറം കാണണമെങ്കിൽ നേരമൊന്നിരുട്ടിയാൽ മതി.പോവാൻ പറ. സോഷ്യൽ സ്റ്റാറ്റസ്….. ത്ഫൂ…….മോഹൻകുമാർ നീട്ടിത്തുപ്പി.സർ, പ്ലീസ് എന്നെ നിർബന്ധിക്കരുത്.ധർമ്മസങ്കടത്തിലേക്ക് നീങ്ങിയെങ്കിലും ഈ ആലോചനയ്ക്ക് പിടികൊടുക്കരുതെന്ന് രാഹുലിന് നിർബന്ധമുണ്ടായിരുന്നു. തനിക്ക് ഓഡിറ്റോറിയത്തലേക്ക് മടങ്ങാൻ സമയമായെന്ന് അയാൾ മോഹൻകുമാറിനെ ഓർമ്മിപ്പിച്ചു.എന്നാൽ അങ്ങനെയാവട്ടെ രാഹുൽ.സത്യത്തിൽ എനിക്കിപ്പോൾ തന്നോട് ദേഷ്യവും അതിലേറെ സ്നേഹവും ബഹുമാനവുമാണെടോ. മോളോട് കാര്യം പറഞ്ഞ് മനസ്സിലാക്കിക്കോളാം. തന്റെ പണി നടക്കട്ടെ.ഓക്കെ ബൈ..നേരിയ ഇടർച്ച മോഹൻകുമാറിനെ ബാധിച്ചിരുന്നു.
ആ പിന്നേ, ഇങ്ങനൊരു സംസാരം ഉണ്ടായതു കൊണ്ട് താൻ പിണങ്ങരുത്. പഴയതുപോലുള്ള സഹകരണം ഉണ്ടാവണം.
കൈ വീശി തിരികെ നടന്ന് ഒന്നു രണ്ട് ചുവട് വച്ച് നിന്ന ശേഷം മോഹൻ കുമാർ പറഞ്ഞു.
തീർച്ചയായും സർ.
എരിഞ്ഞ് തീരാറായ സിഗരറ്റ് മണ്ണിലിട്ട് ചവിട്ടി ഞെരിച്ച് അയാൾ കാറിനരികിലേക്ക് നടന്നു. രാഹുലിന്റെയും തന്റെ അച്ഛന്റെയും ശരീരഭാഷയിൽ നിന്നും അവരുടെ സംഭാഷണത്തിന്റെ ഏറെക്കുറെയുള്ള രൂപം ദൂരെ നിന്നേ സാന്ദ്ര മനസ്സിലാക്കിയിരുന്നു. വിദൂരതയിലേക്ക് കണ്ണ്നട്ട് നിന്നിരുന്ന അവൾ മോഹൻകുമാർ എത്തുന്നതിന് മുമ്പേ കാറിൽ കയറി പിന്നിലേക്ക് ചാഞ്ഞിരുന്നു.
പോവാം മോളേ.
കാർ സ്റ്റാർട്ട് ചെയ്ത് അയാൾ പറഞ്ഞു.
സാന്ദ്ര നിർവികാരതയോടെ സമ്മതം മൂളി. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ അവൾ തിരിഞ്ഞ് രാഹുലിനെ നോക്കി. മരത്തണലിൽ തന്നെത്തന്നെ നോക്കി നിന്ന് കൈ വീശുന്ന രാഹുലിനെ അവൾ കണ്ടു. കാർഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി.
ഓഡിറ്റോറിയത്തിൽ അപ്പോൾ കല്ല്യാണ മേളം മുറുകിത്തുടങ്ങിയിരുന്നു.
അജയകുമാർ എം. എൻ.
ചെങ്ങന്നൂർ
Discover more from അക്ഷര മാഗസീൻ
Subscribe to get the latest posts sent to your email.