അക്ഷര പബ്ലിക് ലൈബ്രറി ചരിത്രനാഴികയ്ക്ക് തുടക്കം കുറിക്കുകയാണ്. ലൈബ്രറിയുടെ മുഖപത്രമായി “അക്ഷര” ത്രൈമാസികയ്ക്ക് തുടക്കം കുറിക്കുവാൻ ലൈബ്രറി കമ്മിറ്റി തീരുമാനിച്ചു . കുറേക്കാലമായി ഒരു കയ്യെഴുത്തു മാസിക തുടങ്ങണമെന്ന് ആലോചിച്ചിരുന്നുവെങ്കിലും , ചില സാങ്കേതിക കാരണങ്ങളാൽ അത് ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. മനുഷ്യജീവിതത്തിന്റെ മുമ്പിൽ ഒരു ഇടിത്തീയായി കൊറോണ നമ്മുടെ മുന്നിൽ വന്നപ്പോൾ പതറാതെ സധൈര്യം മുന്നോട്ടു പോകുവാൻ കേരള ജനതയെ നയിച്ചത് കഴിഞ്ഞകാല അനുഭവങ്ങളാണ്. രണ്ടു പ്രളയവും , നിപ്പ വൈറസ് രോഗ ബാധയും നമുക്ക് ഒറ്റക്കെട്ടായി നേരിടാൻ കഴിഞ്ഞുവെന്നതും , ലോകത്തിനു മുന്നിൽ പുതു ചരിത്ര വഴികൾ സൃഷ്ടിക്കാൻ കാരണമായി എന്നതിൽ തർക്കമില്ലാത്ത കാര്യമാണ്. ഓരോ പ്രതിസന്ധിയും ഓരോ പുതിയ പാഠം നമുക്ക് സമ്മാനിക്കുന്നുവെന്നത് ചരിത്ര സത്യമാണ്. കോവിഡിനോട് അനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചശേഷവും എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ നടത്തുവാൻ കഴിഞ്ഞതും ജൂൺ ഒന്നിന് തന്നെ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകാതിരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും , അത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് ബഹുജന പിന്തുണയോടുകൂടി സൗകര്യങ്ങൾ ഒരുക്കി നൽകുവാൻ കഴിഞ്ഞുവെന്നതും , കരിപ്പൂരിൽ വിമാന ദൂരന്തം ഉണ്ടായപ്പോൾ എല്ലാ വേലിക്കെട്ടുകളേയും തൃണവൽക്കരിച്ചുകൊണ്ട് കൊണ്ടോട്ടിയിലെ ജനങ്ങൾ നടത്തിയ രക്ഷാപ്രവർത്തനവും മൂന്നാറിലെ പെട്ടിമുടിയിൽ അടക്കം നടന്നദുരിതാശ്വാസ പ്രവർത്തനങ്ങളും കേരളം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളുടെ മഹത്തായ പ്രതിഫലനമാണ്. കോവിഡാനന്തര കാലം നമ്മെ ചിലത് ഓർമിപ്പിക്കുന്നു . ജാതി മത വ്യത്യാസമോ വലിയവനെന്നോ ചെറിയവനെന്നോ കുടിലിൽ താമസിക്കുന്നവരെന്നോ ആഡംബരസൗധങ്ങളിൽ താമസിക്കുന്നവരെന്നോ വ്യത്യാസമില്ലാതെയാണ് കോവിഡ് ബാധിച്ചത്. വ്യത്യാസങ്ങൾ ഒന്നുമില്ലാതെ സഹവർത്തിത്വത്തിന്റെ പുതിയ പാത വെട്ടിത്തുറക്കുവാൻ നമുക്ക് കഴിയട്ടെ . അക്ഷര പബ്ലിക് ലൈബ്രറി കൊവിഡ് കാലമാണ് ഓൺലൈൻ മാഗസിൻ എന്ന ചിന്ത രൂപപ്പെടാൻകാരണമായത് ഈ മാഗസിന്റെ പ്രവർത്തനങ്ങളിൽ താങ്കളുടെ അകമഴിഞ്ഞസഹകരണം പ്രതീക്ഷിക്കുന്നു .
ചീഫ് എഡിറ്റർ
അജേഷ്‌കുമാർ പി.ബേബി