സദാ ഒരു ചിരി പരന്നു കിടക്കുന്ന അമ്മയുടെ മുഖം പ്രസന്നമായിരുന്നു ജീവിതാവസാനംവരെ. അത്താഴം കഴിഞ്ഞ് ചാണകം മെഴുകിയ തറയിലമ്മയിരിക്കുമ്പോൾ മടിത്തട്ടിലേയ്ക്ക്തലവച്ച് പത്തുവയസ്സുകാരൻ ശാരംഗൻ കിടക്കും. പുത്തൂരം തറവാട്ടിലെ വ്ിരകഥകൾകേൾക്കാൻ ആ ധീരകഥകൾ മണ്ണിനെയും മരങ്ങളെയും പാടികേൾപ്പിക്കാനായി ജീവിതം നൽകിയ പാണനെക്കുറിച്ച് പറഞ്ഞാലും , പറഞ്ഞാലും തീരാത്ത കഥ കേൾക്കാൻ. വലുതാവുമ്പോ കഥ പറയുന്ന മറ്റൊരു പാണനാകണമെന്ന ആഗ്രഹവും നിറച്ച് അമ്മയെ നോക്കി അങ്ങനെ കിടക്കും. അമ്മയുടെ മുടിയിലെ കാച്ചെണ്ണയുടെ ഗന്ധവും,ദേഹത്തെ വാസനസോപ്പിന്റെ മണവും വീരകഥകളോടൊപ്പം ശാരംഗന്റെ മനസ്സിലേയ്ക്കും നിറഞ്ഞെത്തും. കഥ പറഞ്ഞ് തളർന്ന് അമ്മ ഉറക്കത്തിലേയ്ക്ക് മെല്ലെ ചായുമ്പോൾ പതിനെട്ട് കളരിക്കാശാന്മാരും, ചന്ദനക്കാതൽകടഞ്ഞെടുത്ത കരുത്തന്മാരും, മാനത്തൂന്ന് പൊട്ടിവീണ പെണ്ണുങ്ങളോടൊപ്പം അമ്മയെപ്പൊതിഞ്ഞ കാച്ചെണ്ണയും,വാസനസോപ്പും നുകർന്ന് മാനം നോക്കി കിടക്കുന്ന ശാരംഗനെന്ന കൊച്ചുപാണന്റെ കുഞ്ഞിക്കണ്ണിനു ചുറ്റും നൃത്തം വയ്ക്കും.പകലന്തിയോളം തൊണ്ടുതല്ലുന്ന ക്ഷീണംകൊണ്ട് അമ്മ കഥയ്ക്കിടെ ഉറങ്ങിപ്പോകും.
കഥ മുറിഞ്ഞ സങ്കടത്തോടെയെഴുന്നേറ്റ് നോക്കുമ്പോൾ കീറത്തഴപ്പായിൽ പരന്ന ചിരിയുമായി ഉറങ്ങുന്ന അമ്മയുടെ മുഖത്ത് ഓലക്കീറുകൾക്കിടയിലൂടെ വിരുന്നുവന്ന നിലാവെളിച്ചം വട്ടംവരയ്ക്കുന്നതു കാണാം.ആ കാഴ്ച മൂക്കിലേയ്ക്ക് ഇരച്ചുകയറുന്ന മറ്റൊരു അത്ഭുതത്തിനായി വഴിമാറും.
അടുത്ത വീട്ടിലെ കയറുപണിക്കാർക്കെല്ലാം മനം പുരട്ടുന്ന ചീഞ്ഞമണമാണ്. പക്ഷേ, അമ്മയ്ക്ക്,എന്റെഅമ്മയ്ക്ക് മാത്രം കാച്ചെണ്ണയുടെയും വാസനസോപ്പിൻ്റെയും മണം വിടർന്ന മൂക്കിൻ്റെ അത്ഭുതമടയുമ്പോൾഅകത്തുനിന്ന് അച്ഛൻ്റെ ചുമ കേൾക്കാം. ഒപ്പം തലേന്ന് വൈകിട്ട് അമ്മയോട് ദേഷ്യപ്പെട്ട അച്ഛന്റെ ചുമകൾക്കിടയിൽ വിറയ്ക്കുന്ന വാക്കുകളും ശാരംഗൻ്റെ മനസ്സിലേക്കെത്തും.
“റേഷൻ വാങ്ങണെ ഇനിയാരോടെങ്കിലും കടം മേടിക്കണം.പകലന്തിയോളം തൊണ്ടുതല്ലിയാ റേഷനുപോലും തികയില്ല . അപ്പഴാ അവടെ ഒരു ചന്ദ്രികാ സോപ്പ് .”
ദേഷ്യപ്പെടുന്ന അച്ഛനെ നോക്കാതെ ഓല മറയ്കു പിന്നിൽനിന്ന് പതിഞ്ഞ ശബ്ദത്തിൽഅമ്മ പറയും .
തൊണ്ട്ചീഞ്ഞ് കുറുകുറാ വെള്ളത്തീന്നു കേറി വരുമ്പോൾ നല്ലോണം മേല് കഴുകെണ്ടേ. കഴിക്കാനില്ലേലും രോഗം വരാണ്ടിരുന്നാ മതി.
ഈ ഒറ്റ മറുപടിയിൽ അച്ഛൻ്റെ ദേഷ്യം പമ്പ കടക്കും അപ്പോഴും നക്ഷത്രങ്ങൾ ചിരിക്കുന്ന മാനം നോക്കി ശാരംഗൻ കിടക്കുകയാവും. പുത്തൂരം തറവാടും പാണനും അങ്ങനെ അമ്മയുടെ മറ്റൊരു മുലപ്പാലുപോലെ എന്നിൽ നിറഞ്ഞു.
എൻ്റെ മനസ്സിൻ്റെ കാക്കത്തൊള്ളായിരം അറകളിലേയ്ക്ക് കഥയുടെ കൌതുകം അമ്മ നിറയ്ക്കുകയായിരുന്നു. ശാരംഗൻ രണ്ടാം ക്ലാസ്സ് കഴിഞ്ഞു. പഠിപ്പ് നിർത്തി.പട്ടിണി വിടാതെ ചുറ്റുമ്പോൾ എന്തു പഠിപ്പ്.