മനുഷ്യവർഗത്തിന് സുഖമമായി മുന്നോട്ടു ചരിക്കുവാൻ പാത ഒരുക്കി കൊടുത്തത് അവൻ ദിനംപ്രതി ആർജിച്ച പുതിയ പുതിയ അറിവുകളാണ്. അറിവ് സ്വയമേവ ഉണ്ടായി വന്ന ഒന്നല്ല മനുഷ്യൻ സ്വയം സൃഷ്ടിച്ചെടുത്തവയാണ്. അതിന് അവനെ പ്രാപ്തനാക്കിയത് മറ്റ് മൃഗങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് ആക്കുന്നത് ചിന്താശേഷിയും ഭാവനാശേഷിയും നിരീക്ഷണ ബുദ്ധിയും ആണ്. മനുഷ്യനു സിദ്ധിച്ച ഈ കഴിവുകൾ ഉപയോഗിക്കണം എല്ലാവരും ഒരുപോലെയല്ല ഉപയോഗിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രം ആയിരിക്കും അവ ശരിയാ വണ്ണം ഉപയോഗിക്കുന്നതും. പുതിയ പുതിയ അറിവുകൾ നേടുന്നതും. ഇവരാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തി. ഭൂരിപക്ഷവും മൃഗങ്ങൾക്ക് നൈസർഗ്ഗികമായി ലഭിച്ച ചോദനകളും വികാരങ്ങളും പേറി മൃഗതുല്യമായ ജീവിതം നയിക്കുന്നവർ ആയിരിക്കും. ചിന്താശേഷിയും ശേഷിയും നിരീക്ഷണ ബുദ്ധിയും ഉള്ളതുകൊണ്ട് ന്യൂനപക്ഷം കണ്ടെത്തിയ അറിവുകൾ സമൂഹത്തിൽ പ്രചരിപ്പിച്ചിരുന്നത് ആദ്യകാലങ്ങളിൽ വായ്മൊഴി കളിലൂടെ ആയിരുന്നു. എന്നാൽ ഭാഷകൾക്ക് ലിപി കണ്ടെത്തിയതോടെ പുതിയ ആശയങ്ങളുടെ പ്രചരണം ഗ്രന്ഥങ്ങൾ ഏറ്റെടുത്തു. പതിനഞ്ചാം നൂറ്റാണ്ടുവരെ ഒരു പുസ്തകത്തിൻറെ പകർപ്പ് തൂലികയുടെ സഹായത്തോടെ എഴുതണമായിരുന്നു. ഇതിന് ദീർഘസമയം വേണ്ടിവന്നു. ജർമൻകാരനായ ജോഹന്നാസ് ഗുട്ടൻബർഗ് 1439ൽ അച്ചടിയന്ത്രം കണ്ടുപിടിച്ചതോടെ കൂടി പുസ്തകത്തിന്റെ പകർപ്പുകൾ തയ്യാറാക്കാൻ വളരെ എളുപ്പമായി. അതോടുകൂടി സാധാരണക്കാരുടെ കൈകളിൽ പുതിയ പുതിയ പുസ്തകങ്ങൾ എത്തി തുടങ്ങി. ഇത് യൂറോപ്പിൽ നാമ്പിട്ട നവോത്ഥാനത്തിന് കരുത്ത് പകർന്നു.
യൂറോപ്പിലുണ്ടായ ഈ പുതിയ ഉണർവാണ് അവരെ ശാക്തീകരിച്ചത്. സ്വതന്ത്ര ചിന്തയ്ക്ക് തടസ്സം സൃഷ്ടിച്ചിരുന്ന മതത്തിന്റെ അതിർവരമ്പുകളെ ഭേദിച്ച് സ്വതന്ത്ര ചിന്തയിലേക്ക് ഉയരുവാൻ യൂറോപ്യൻ ജനതയെ പ്രേരിപ്പിച്ചത് നവോത്ഥാനമൂല്യങ്ങൾ തന്നെയാണ്. യൂറോപ്പിലുണ്ടായ നാവോത്ഥാനത്തിന്റെ ഫലമായി ശാസ്ത്ര സാങ്കേതിക വിദ്യകൾ പുഷ്ടിപ്പെട്ടു. ഇത് യൂറോപ്യൻ ജനതയുടെ ജീവിതത്തിൽ പുരോഗമനപരമായ പരിവർത്തനം സൃഷ്ടിച്ചു. പഴയ യുദ്ധോപകരണണങ്ങളായ വാളും, പരിചയും, കുന്തത്തിനുമൊക്കെ പകരമായി തോക്കും, പീരങ്കിയുമൊക്കെ നിർമ്മിച്ചെടുത്തു. ഇതാണ് മറ്റു രാജ്യങ്ങളിൽ തങ്ങളുടെ കോളനികൾ സ്ഥാപിക്കാൻ യൂറോപ്യന്മാരെ സഹായിച്ച ഏറ്റവും വലിയ ഘടകം.
ആത്മീയതയുടെ പുതപ്പിനടിയിൽ സുഖസുഷുപ്തിയിൽ ആണ്ടു കിടന്ന ജനങ്ങൾ വസിച്ചിരുന്ന നാടുകളിലാണ് പാശ്ചാത്യർക്ക് അനായാസം കടന്നുകയറി അവരുടെ കോളനികൾ സ്ഥാപിക്കാൻ കഴിഞ്ഞതെന്നു ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. ബ്രിട്ടൻ ആണ് കോളനിവൽക്കരണത്തിൽ ഏറ്റവും മികച്ചു നിന്നത്. ആ ചെറുരാജ്യം ലോകത്തിൻറെ എല്ലാ ഭാഗത്തും കോളനികൾ സ്ഥാപിക്കുകയും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ഉടമ എന്ന പദവിക്കർഹമാവുകയും ചെയ്തു. ഇംഗ്ലീഷുകാർക്ക് ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ അനുകൂലമായ നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നു. ലോകത്ത് മറ്റൊരിടത്തും ദൃശ്യമാകാത്ത അതിവിചിത്രമായ ഒരു സാമൂഹികഘടനയാണ് ഇന്ത്യയിൽ നിലനിന്നിരുന്നത്.
മനുഷ്യനെ പരസ്പരം സഹകരിക്കാൻ ആവാതെ ഭിന്നിച്ച് നിർത്താനുതകുന്ന ജാതി ഉപജാതി അധിഷ്ഠിതമായ സാമൂഹികഘടന, എണ്ണമറ്റ മതങ്ങൾ നിരന്തരം പരസ്പരം പോരടിച്ചു കൊണ്ടിരുന്ന 700 ലേറെ നാട്ടുരാജ്യങ്ങൾ, ഈ ഘടകങ്ങൾ ബ്രിട്ടീഷുകാർക്ക് മാത്രമല്ല, ഇന്ത്യയിൽ ആധിപത്യസ്ഥാപനത്തിനു സഹായകരമായി തീർന്നത്, അതിനു മുമ്പ് ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച എല്ലാ വൈദേശികൾക്കും സഹായകരമായി വർദ്ധിച്ചു.
ദീർഘമായ രണ്ടു നൂറ്റാണ്ടുകാലം ആണ് ബ്രിട്ടീഷ് കോളനി വാഴ്ച ഇന്ത്യയിൽ നിലനിന്നത്. ഈ കാലഘട്ടത്തിൽ പല കോട്ടങ്ങളും നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ നാം കോട്ടങ്ങളെക്കുറിച്ച് വാചാലരാകുമ്പോൾ തന്നെ നേട്ടങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. നിരവധി നാട്ടുരാജ്യങ്ങളെ ഒരു ഭരണത്തിൻകീഴിൽ കൊണ്ടുവന്ന ഇന്നത്തെ ഇന്ത്യയുടെ രൂപീകരണത്തിന് അസ്ഥിവാരമിട്ടത് ബ്രിട്ടീഷുകാർ തന്നെയാണ്. കുടിൽ വ്യവസായങ്ങളെ വൻകിട വ്യവസായങ്ങളായ് പരിവർത്തിപ്പിച്ചതും അവരുടെ ഭരണ കാലത്താണ്. തീവണ്ടി ഗതാഗതം ഇന്ത്യയിൽ തുടക്കം കുറിച്ചത് ഡൽഹൗസി പ്രഭുവിന്റെ കാലത്താണ്. ഇങ്ങനെ നിരവധി സംഭാവനകൾ ബ്രിട്ടീഷ് ഭരണം ഈ നാടിന് കാഴ്ചവെച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം. ഇത് നമ്മുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന പേരിന് അർഹനായ രാജാറാം മോഹൻ റോയ് “സതി” എന്ന ദുരാചാരം അവസാനിപ്പിക്കുവാൻ മുന്നോട്ടു വന്നതും ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചത് കൊണ്ട് തന്നെയാണ്. ഇത്തരം നിരവധി സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വാധീനം പങ്കുവഹിച്ചിട്ടുണ്ട്.
ഒരുകാലത്ത് ബ്രാഹ്മണർ ഉൾപ്പെടെയുള്ള സവർണർക്ക് മാത്രമേ ഈ നാട്ടിൽ വിദ്യ അഭ്യസിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. അന്നവർ ഗുരുകുലങ്ങളെ തന്നെയാണ് വിദ്യാലയങ്ങളായി പരിഗണിച്ചിരുന്നത്.
അവർണർക്ക് അന്ന് അക്ഷരം നിഷിദ്ധമായിരുന്നു, എന്നാൽ ബ്രിട്ടീഷ് ഭരണാധികാരികളും മിഷനറിമാരും പൊതുവിദ്യാലയങ്ങൾ സ്ഥാപിച്ചതോടുകൂടി അവർണ്ണനും വിദ്യ സമ്പാദിക്കാനുള്ള സാഹചര്യം ഉണ്ടായി. അച്ചടി യന്ത്രങ്ങൾ ഉപയോഗിച്ചു പുസ്തകങ്ങൾ അച്ചടിക്കുവാൻ ഇന്ത്യക്കാരെ പരിചരിചയിപ്പിച്ചതും പാശ്ചാത്യർ തന്നെ. ഇതോടൊപ്പം സാഹിത്യത്തിൻറെ വിവിധരൂപങ്ങൾ അവരിൽനിന്ന് സ്വായത്തമാക്കാൻ നമുക്ക് കഴിഞ്ഞു. ഇതിലൊക്കെ, ഉപരിയായി ആധുനിക ശാസ്ത്രബോധം ഇന്ത്യക്കാരിൽ വളർത്തുവാൻ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ട് കഴിഞ്ഞു. നമ്മുടെ സ്വാതന്ത്ര്യ ബോധം പോലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ നിന്നുമാണ് ഉളവായത്.
പി. എം. ചാക്കോ മാമ്മൂട്
••••