Home / വെബ്സീൻ / ഒരപ്പൂപ്പൻ താടിപോലെ

ഒരപ്പൂപ്പൻ താടിപോലെ

താനൊരു പഞ്ഞിക്കെട്ടുപോലെ ആകാശത്തിൽ പറന്നു നടക്കുകയാണ് . കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു. തന്റെ ശരീരം ആകാശത്തിൽ പറന്നു നടക്കുന്ന വെൺമേഘങ്ങളിൽ സ്പർശിക്കുന്നതായും അവ തങ്ങളുടെ മൃദുലമായ കരങ്ങൾ നീട്ടി തന്നെ സ്പർശിക്കുന്നതായും അനുഭവപ്പെട്ടു.എത്ര സമയം കടന്നു പോയെന്നറിയില്ല , മുല്ലപ്പൂക്കളുടെ തീഷ്‌ണ ഗന്ധം മൂക്കിലേക്കടിച്ചു കയറി. അതു തന്റെ ശരീരത്തിലേക്കും മനസ്സിേലേക്കും അലിഞ്ഞിറങ്ങുന്നു. സുഖമുള്ള തണുത്ത കാറ്റ് തന്നെ തഴുകുന്നു. മാസ്മരികമായ ഒരു സുഗന്ധം എങ്ങും നിറഞ്ഞു നിൽക്കുന്നു.

ഈ സ്ഥിതിയിൽ കണ്ണു തുറക്കാൻ തോന്നുന്നില്ല. എന്നാൽ എവിെടെ നിന്നോ ഒഴുകിയെത്തുന്ന കിളികളുട മനോഹരമായ സംഗീതം കണ്ണു തുറക്കാൻ പ്രേരിപ്പിക്കുന്നു. സാവകാശം പ്രകൃതിയുടെ ഓർക്കസ്ട്രാ കൂടുതൽ വ്യക്തമായി കേട്ടു തുടങ്ങിയപ്പോൾ അയാൾ സാവകാശം കൺപോളകൾ വിടർത്തി.

കണ്ണഞ്ചിക്കുന്ന അതി മനോഹര കാഴ്ചയാണ് മുമ്പിൽ തെളിഞ്ഞത്. വസന്തം സർവ്വാഭരണവിഭൂഷിതയാക്കിയ പ്രകൃതി ജഗത്മോഹിനിയായി തന്റെ മുമ്പിൽ നിറഞ്ഞു നിൽക്കുന്നു. “ലോകത്തിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്, ഇതാണ്, ഇതാണ് ” എന്നു മുഗൾ ചക്രവർത്തിമാർ വാഴ്ത്തിയ ” ഷാലിമാർ ,ശശ്മശാഖി ” തുടങ്ങിയ ആരാമങ്ങെളെ വെല്ലുന്ന കാഴ്ച . ഞാനിപ്പോൾ ഈ പൂന്തോട്ടങ്ങളുടെ മുകളിൽ ഒഴുകി നീങ്ങുകയാണ്. സുഗന്ധവാഹിയായ ഇവിടെത്തെ കുളിർ കാറ്റിന് ഏതൊരു ഹൃദയ ഹാരിത പൂത്തുലഞ്ഞു നില്ക്കുന്ന വൃക്ഷലതാദികൾ പുറപ്പെടുവിക്കുന്ന സുഗന്ധം പഞ്ചേന്ദ്രിയങ്ങളെ ഭ്രമിപ്പിച്ച് ശരീരത്തിനുള്ളിലേക്ക് അലഞ്ഞിറങ്ങുന്നതായനുഭവെപ്പെടുന്നു. പ്രകൃതി ഇത്ര മനോഹരിയായി താനൊരിക്കലും കണ്ടിട്ടില്ല.

കുറച്ചകലെ മാറി പാറക്കെട്ടിൽ തട്ടി കിലുകിലാരവത്തോടെ പതഞ്ഞൊഴുകുന്ന ഒരരുവി . ഇതിലെ സ്ഫടികസമാനമായ ജലത്തിൽ ചെറുതും വലുതുമായ മത്സ്യങ്ങൾ പുളച്ചുല്ലസിക്കുന്നു. ഈ അരുവിയുടെ തീരത്തു നില്ക്കുന്ന വൃക്ഷങ്ങെളെല്ലാം പൂത്തുലഞ്ഞു നില്ക്കുന്നു. എന്തൊരു ഭംഗിയാണാ പൂവുകൾക്ക് . പല നിറത്തിലുളള കുരുവികൾ ചിലച്ചു കൊണ്ട് പൂക്കൾ തോറും പാറിക്കളിക്കുന്നു. വലിപ്പമേറിയ പഴങ്ങൾ ഈ വൃക്ഷങ്ങളിൽ നിറഞ്ഞു നില്ക്കുന്നു. പഴുത്ത പഴങ്ങളുടെ ഗന്ധം രസനകളെ ഉദ്ദീപിപ്പിക്കുന്നതായും വിശപ്പിനെ തട്ടിയുണർത്തുന്നതായും അനുഭവെട്ടു.                               
 താനിപ്പോഴെവിടെയാണെന്നറിയാനുള്ള ജിജ്ഞാസ വീണ്ടും തലപൊക്കിയപ്പോൾ താൻ ചുറ്റും നോക്കി. ഒന്നും മനസ്സിലാകുന്നില്ല. സുന്ദരിയായ പ്രകൃതി ഒരു സമസ്യയായി ഉള്ളിൽ നിറഞ്ഞു നിന്നു.

ചുറ്റും പരതുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ കാഴ്ച കണ്ടത് ഒരു കയർ. അതിെന്റെ ഒരറ്റം തന്റെ അടുേത്തേക്കാണ് നീങ്ങി കിടക്കുന്നത്. ഉദ്വേഗത്തോടെ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ പരമാർത്ഥം ബോധ്യപ്പെട്ടത്. ആ കയറിന്റെ ഒരഗ്രം തന്റെ  രണ്ടു കൈകളേയും കൂട്ടി ബന്ധിപ്പിച്ചിരിക്കുകയാണ്. പരിഭ്രമത്തോെടെ കാലുകൾ അനക്കാൻ ശ്രമിച്ചു. അവയും ബന്ധനത്തിലാണ്. കോപവും താപവും വർദ്ധിച്ച താൻ ആരാണ് തന്നെ  ബന്ധിച്ചെതെന്നറിയാൻ മുൻപിലേക്കു നോക്കി. രോമാവൃതമായ ഒരു ഉരുക്കു മുഷ്ടിക്കുള്ളിലാണ് തന്നെ  ബന്ധിച്ച കയറിന്റെ മറ്റേ അറ്റം എന്നു ബോധ്യപ്പെട്ടു. ഒരു ഞെട്ടൽ തന്റെ  ശരീരമാസകലം വ്യാപിക്കുന്നതറിഞ്ഞു. ഭീമാകാരമായ ഒരു കറുത്ത ശരീരമാണ് തന്റ  മുമ്പിലുള്ളതെന്ന് മനസ്സിലായി. ഇരുട്ടിൽ തിളങ്ങുന്ന ഒരു കിരീടം അയാൾ ധരിച്ചിരുന്നു. കറുത്തിരുണ്ട പുരികത്തിനു കീഴിൽ ക്രൗര്യം നിറഞ്ഞ രണ്ട് ഉണ്ടക്കണ്ണുകൾ തീക്കട്ടകൾ പോലെ ജ്വലിച്ചു. ആരെയും ഭീതിയിലാഴ്ത്തുന്ന കൊമ്പൻ മീശ. അതു മുഖത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു. ശ്രദ്ധിച്ചപ്പോൾ ഒരു ഭീകര രൂപിയായ ഒരു മൃഗത്തിന്റെ പുറത്താണ് ഇരിക്കുന്നതെന്ന് മനസ്സിലായി. ആ മൃഗത്തിന്റെ കൂർത്ത മൂർത്ത ഭീഷണമായെ മുകളും വജ്രംപോലെ ജ്വലിക്കുന്ന കണ്ണുകളും ഒരു ഞെട്ടലോടെ നോക്കിക്കണ്ടു. ” കാലൻ ”   മനസ്സു മന്ത്രിച്ചു.

പതർച്ചയോടെയാെണെങ്കിലും ധൈര്യം സംഭരിച്ച് വിളിച്ചു ചോദിച്ചു. “ആരാണ് നിങ്ങൾ എന്തിനാണ്  എന്നെ ബന്ധിച്ചിരിക്കുന്നത് ? എന്നെ നിങ്ങൾ എങ്ങോട്ടു കൊണ്ടുപോകുന്നു?”                        മൂന്നു ചോദ്യങ്ങളും ഒറ്റ ശ്വാസത്തിലാണ് ചോദിച്ചു തീർന്നത്  മറുപടി  നടുക്കുന്ന ഒരു പൊട്ടിച്ചിരിയായിരുന്നു. ” ഞാനാണ് യമധർമ്മൻ ” . ഭൂമിയിലെ നിങ്ങളുടെ മനുഷ്യ ജന്മം തീർന്നിരിക്കുന്നു. നിങ്ങളുടെ നന്മതിന്മകൾ രേഖപ്പെടുത്തി വച്ചിട്ടുള്ള ചിത്രഗുപ്തന്റെ അടുത്തേയ്ക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത്. നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത് അദ്ദേഹമാണ്.”  എനിക്ക് കുറേക്കാലം കൂടി ഭൂമിയിൽ ജീവിക്കാൻ ആഗ്രഹമുണ്ട്. അങ്ങ് അതിനെന്നെ അനുവദിക്കണം  ” സാദ്ധ്യമല്ല ” യമധർമ്മൻ പറഞ്ഞു. ഭൂമിയിലെ കാലാവധി കഴിഞ്ഞാൽ പിന്നെ അവിടെ ഒരു മിനിട്ടു പോലും കഴിയാൻ അവസരമില്ല.                        ഭൂമിയിൽ ഞാൻ പണിത മൂന്നുനില മാളികയും ബാങ്കിലുള്ള അറുപത്തിരണ്ടുകോടി രൂപയും എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ താങ്കൾക്ക് നൽകാം. ഒരു ദിവസമെങ്കിലും ഭൂമിയിൽ കഴിയാൻ എന്നെ അനുവദിക്കണം. ഹാ …. ഹാ …. ഹാ …. യമധർമ്മൻ പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു “എടോ വിഡ്ഢിയായ മനുഷ്യ തന്റെ മാളികയും സമ്പത്തും എനിക്ക് തൃണ തുല്യമാണ് , അതൊക്കെ ഭൂമിയിലേ ഉപകാരപ്പെടു”.

എങ്കിൽ ഒരുപകാരം ചെയ്യുമോ?. നാം കടന്നുപോന്ന വഴിയിൽ കണ്ട മനോഹരമായ പൂന്തോട്ടമേതാണ് ?. “മഠയാ ” യമധർമ്മൻ പ്രതിവചിച്ചു.. നീ ഭൂമിയിൽ 80 വർഷം ജീവിച്ച ഭൂമിതെന്നെയാണത്. കണ്ടിട്ടും നിനക്കെന്തേ മനസ്സിലായില്ല. സ്വർഗ്ഗീയ സൗന്ദര്യം നിറഞ്ഞ ഈ പറുദീസ്സയിലേയ്ക്കാണ് നിന്നെ ഈശ്വരൻ ജീവിക്കാനായി അയച്ചത്. എല്ലാ ജീവജാലങ്ങൾക്കും സുഭിക്ഷമായി, ആനന്ദത്തോടെ ജീവിക്കാനുള്ള സൗകര്യം അവിടുണ്ട് എന്നാൽ നീ അവയൊന്നും കണ്ടില്ല. ആ സ്വർഗ്ഗീയ സൗന്ദര്യം ആസ്വദിക്കാൻ മിനക്കെട്ടില്ല. നീ അന്ധനെപ്പോെലെ ജീവിച്ചു. നിന്റെ നോട്ടവും ശ്രദ്ധയും പണമുണ്ടാക്കുന്നതിൽ മാത്രമായിരുന്നു. സുന്ദരമായ ഈ ഭൂമിയും അനന്തമായ ആനന്ദത്തിന്റെ സ്വർഗ്ഗീയ നിക്ഷേപങ്ങളും കാണാനും ആസ്വദിക്കാനും നിനക്കു കഴിഞ്ഞില്ല. അടുത്തു നിന്ന സ്വന്തം സഹോദരനെ നീ കണ്ടില്ല. സ്നേഹത്തിന്റെ മൂല്യം നീ അനുഭവിച്ചില്ല. നീ കണ്ടതും അന്വഷിച്ചതും നശ്വരമായ ധനം മാത്രം. ഇവയൊന്നും നിന്നെ ഇനി സഹായിക്കില്ല. ഇവിടെ അവയല്ലാം ശൂന്യമാണ്.

” ഒരൊറ്റ ദിവസം കൂടി ഈ സുന്ദരമായ ഭൂമിയിൽ ജീവിക്കാൻ അങ്ങെന്നെ അനുവദിക്കുമോ ? ഞാൻ കാലുപിടിച്ചപേക്ഷിക്കുകയാണ് ” .  ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും ഇനി നിനക്കു കിട്ടില്ല. അതാ നാം ചിത്രഗുപ്തന്റെ മാളിക വാതിലിൽ എത്തിക്കഴിഞ്ഞു.          ഭീമാകാരമായ ചിത്രഗുപ്തന്റെ കൊട്ടാര വാതില്ക്കൽ തന്നെ സ്വാഗതം ചെയ്യാൻ അദ്ദേഹം എത്തിയിരുന്നു. അവിടെ വച്ചിരുന്ന ഭീമാകാരമായ പുസ്തകം ഉൽക്കിടിലത്തോടെ നോക്കി നിന്നപ്പോൾ തന്റെ ഹാജർ വിളി മുഴങ്ങി.

പി.എസ്. പ്രസാദ്

അക്ഷര ലൈബ്രറി പ്രസിഡൻ്റ്

Tagged:

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page

Discover more from Akshara Magazine - Akshara Public Library & Reading Room

Subscribe now to keep reading and get access to the full archive.

Continue reading