Home / വെബ്സീൻ / അവൻ അരുൺ

അവൻ അരുൺ

ചെറുകഥ

രാത്രി വളരെ വൈകി കിടന്നതുകൊണ്ടാകും നേരം വെളുത്തത്  അിറഞ്ഞിട്ടും പിന്നെയും അറിയാത്ത ഭാവത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നത്. എണീക്കാൻ  ആഗ്രഹമുണ്ടെങ്കിലും മനസ്സ്  സമ്മതിക്കുന്നില്ല. കുറേ നേരം കൂടി കിടക്കാം. ചിന്തകൾ മനസിനൊപ്പംകൂടി. എപ്പോഴോ മൊബൈൽ കരയുന്നതുകേട്ടാണ് ഞാൻ  കണ്ണുതുറന്നു നോക്കിയത്. ഉണ്ണിക്കൃഷ്ണൻ മാഷാണ് “നിങ്ങൾ എണീറ്റില്ലേ? മണി എത്രയായെന്ന് നോക്കിയോ? ആ ചെക്കൻ വന്നു പുറത്തിരിപ്പുണ്ട്”, “എന്നാ ശരി”, മാഷ് ഫോൺ  വച്ചു. അപ്പോഴാണ് തലേ ദിവസം താമസിക്കുന്ന വീടും പരിസരവും വൃത്തിയാക്കുവാൻ  ഒരാളെ വേണമെന്ന് ഞാൻ  മാഷിനോട് പറഞ്ഞ കാര്യം ഓർത്തത്. ഞാൻ  പെട്ടെന്ന്  എണീറ്റു മുറ്റത്തെ കൽപ്പടവിൽ പത്രം വായിച്ചുകൊണ്ട് ഒരു പയ്യൻ  ഇരിക്കുന്നു. ഒരു കൈയ്യിൽ  പത്രവും  മറുകൈയിൽ കാപ്പിയും  ഉണ്ട്. “ഹാ മാഷേ, ഞാൻ  രാവിലെതന്നെ വന്നു, മാഷ്  ഉറങ്ങുന്നതുകൊണ്ടാണ് വിളിക്കാഞ്ഞത് “. അവന്‍ പറഞ്ഞു.  “ഹാ അതുകൊള്ളാം! എന്താ പേര്?  “ഞാൻ  അരുൺ”. അരുൺ ഇരിക്ക് ഞാൻ ഇപ്പോൾ വരാം അകത്തേക്ക് പോകുവാൻ തുടങ്ങി. ” മാഷേ” അവൻ വിളിച്ചു . “ഞാൻ  ഉണ്ണിമാഷിന്റെ  വീട്ടിൽ  നിന്നും മൺവെട്ടിയും, പിക്കാസും എടുത്തിട്ടുണ്ട്. എന്നാൽ    ഞാൻ തുടങ്ങട്ടെ പണി”, “അല്ല, ഞാൻ  വന്നിട്ട്  പോരെ” , മാഷ് രാവിലെ റെഡിയായിക്കോളൂ, ഞാൻ  തുടങ്ങാം”, എങ്കിൽ ശരി അരുണേ ഞാൻ  അകത്തേക്കു പോയി മുഖം കഴുകി മറ്റു പരിപാടികളിലേക്ക് കടന്നു. “ഇനി ഞാൻ നിങ്ങൾ കൂടി അറിയുവാൻ  കുറച്ച്  കാര്യങ്ങൾ  പറയാം, അച്ഛൻ ഒരു മാഷായിരുന്നു. ജീവിതത്തിന്റെ  പകുതിയിൽ  തന്റെ  അദ്ധ്യാപകവൃത്തി   എന്നെ ഏൽപ്പിച്ച്  അദ്ദേഹം വളരെ സുരക്ഷിതമായ മറ്റൊരു തീരത്തേക്ക് യാത്രപോയി അമ്മയും ഞാനും മാത്രമായി. ഒടുവിൽ  അമ്മയും അച്ഛനെ തേടി യാത്രയായി. അച്ഛൻ എന്നെ ഏൽപ്പിച്ച അധ്യായനത്തിലേക്ക് തിരഞ്ഞാണ് ഞാൻ ഈ നാട്ടിൽ  എത്തിചേർന്നത്.

ഞാൻ വന്ന ഗ്രാമം നിറയെ പച്ചപ്പും മരങ്ങളും പുഴകളും നിറഞ്ഞിരിക്കുന്ന ഗ്രാമം     മനോഹരമായ ഗ്രാമം.  അതേ അച്ഛന്റെ  കാൽപ്പാദങ്ങൾ   പതിഞ്ഞ വഴിത്താരകളും വീടും ചുറ്റുപാടുകളും എല്ലാം കാണുമ്പോൾ എവിടെയോ  ഒരു തേങ്ങൽ. ഞാൻ  കാപ്പികുടിച്ചു പുറത്തേക്കു  വന്നു. എവിടയോ മൺവെട്ടിയുടെ ഒരു ശബ്ദം കേൾക്കുന്നു. വീടിന്റെ പിന്നാമ്പുറം വൃത്തിയാക്കുന്നു. “മാഷേ  മുഴുവൻ കാട് കയറിക്കിടക്കുന്നു. മാഷിന്റെ അച്ഛൻ പണ്ട് ഇവിടെ ആയിരുന്നപ്പോൾ വാങ്ങിയതാണല്ലേ ?  എല്ലാം എന്നോട് ഉണ്ണിക്കൃഷ്ണൻ മാഷ്  പറഞ്ഞു. അവരൊന്നിച്ച്  സ്കൂളിൽ പഠിച്ച  കാര്യങ്ങൾ   അമ്പലത്തിൽ ഉത്സവം  കാണാൻ  പോയ കാര്യങ്ങൾ  അരുൺ വാചാലമായി സംസാരിച്ചു. ഞാൻ  അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു. നല്ല ഐശ്വര്യമുള്ള മുഖം അവൻ  നല്ല  വൃത്തിയിലാണ് ജോലി ചെയ്യുന്നത്.  “മാഷേ  മുല്ല, ചെത്തി, തുളസി,  പിച്ചി എല്ലാ ചെടികളും പുല്ലുകയറി ആകെ നാശമായി.”  “അതെ അതെ ” ഞാൻ തലയാട്ടി  “എല്ലാം നമുക്ക് വൃത്തിയാക്കിയെടുക്കണം . വളരെ അടുക്കും ചിട്ടയോടും കൂടി അവൻ  ചെയ്യുന്നജോലി ഞാൻ  ആശ്ചര്യത്തോടുകൂടി നോക്കി നിന്നു. ഉണ്ണിമാഷ് ഇങ്ങോട്ട്  വരാമെന്ന്  പറഞ്ഞു.
   
    “ഇന്ന് മാഷിന്റെ ഇളയെ പെൺകുട്ടിയെ  കാണുവാൻ ആരോ വരുന്നുണ്ട്. മാഷിന്  രണ്ട് പെൺകുട്ടികളാണല്ലോ രണ്ടുപേരും  അധ്യാപകരാണ്. ചേച്ചി എന്നെ  പഠിപ്പിച്ചതാണ്. “അരുൺ  ജോലിയോടൊപ്പം സംസാരിച്ചികൊണ്ടിരുന്നു. അരുൺ എത്രവരെ പഠിച്ചു. വീട്ടിൽ ആരൊക്കെ? “ഞാൻ എട്ടാംക്ലാസുവരെ പഠിച്ചു”. രണ്ടാമെത്ത ചോദ്യം ഉത്തരം അറിയില്ല. ഓർമവച്ച  നാൾ  മുതൽ  അറിയുന്ന മുഖം ഉണ്ണിമാഷിന്റെതാണ്. കൂടെ മാഷിന്റെ  അച്ഛനെയും അറിയാം. മുഖത്ത് ചിരി പടർത്തിക്കൊണ്ടുള്ള നിഷ്ക്കളങ്കമായ മറുപടി. ആ മറുപടി കേട്ട് മനസ്സ്  ചെറുതായൊന്നു പിടഞ്ഞു.  ഭാവം മുഖത്ത് നിന്നും മാറ്റി ഞാൻ പറഞ്ഞു അരുൺ കാപ്പി കുടിക്കൂ. എനിക്ക് കുറച്ച് ജോലിയുണ്ട്. അല്പം അലക്കാനുണ്ട് പിന്നെ ഉച്ചക്ക് ഊണ് കഴിക്കേണ്ടെ ഞാൻ അകത്തേക്ക് പോയി. “മാഷേ,  ഇന്ന് ഉച്ചയ്ക്ക് ഉണ്ണിക്കൃഷ്ണൻ മാഷിന്റെ വീട്ടിലാണ്  ഊണ്. മാഷിന് ഇന്ന് 68 വയാസാകുന്നു. മാഷിന്റെ  ജന്മദിനം മറന്നുപോയോ,” ” ഹോ.. ഞാൻ അതോർത്തില്ല ഇന്നലേം കൂടി പറഞ്ഞതാണ്”. “മാഷ് പോയി തുണി അലക്ക്” അരുൺ  പിന്നെയും ജോലിയിൽ മുഴുകി. ഞാൻ തുണികളുമായി വീടിനു തൊട്ടടുത്തുള്ള  പുഴയിലേക്ക് പോയി ചെറിയ പടവുകൾ  ഇറങ്ങി തുണികൾ കഴുകി.

പിന്നീട് പുഴയുടെ അരികില്‍ നിന്നു ഒന്നു മുങ്ങികുളിച്ചു. ഇപ്പോഴത്തെ കാലത്ത് ജീവിതത്തിൽ വളരെ  അപൂർവ്വ മായി  കിട്ടിയ ഭാഗ്യം ഒരു തീർത്ഥത്തിൽ   മുങ്ങികുളിച്ചപോലെ ശരീരവും മനസും ശുദ്ധമായതുപോലെ തിരിച്ചുവന്നു കഴുകിയ വസ്ത്രങ്ങൾ വിരിച്ചു എന്നിട്ട്  മുറ്റത്തേക്ക് നോക്കി കാടുപിടിച്ചുകിടന്ന മുല്ലയും ചെത്തിയും, പിച്ചിയുമെല്ലാം വളരെ മനോഹരമായി എഴുന്നു നില്‍ക്കുന്നു. ഇപ്പോൾ ശരീരം ജീവൻ വച്ചതുപോലെ എന്റെ മനസ്സ് കണ്ടിട്ട് എന്നവണ്ണം അരുൺ ചോദിച്ചു. “മാഷെ ഇഷ്ടായില്ലെ” ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.” നന്നായി  മാഷേ ഉച്ചയാകുമ്പോഴേക്കും എല്ലാ പണിയും തീർത്ത്  ഉണ്ണിമാഷിന്റെ  വീട്ടില്‍ നിന്നും ഊണുകഴിച്ചു എനിക്ക് പോണം. വീടിനു അടുത്ത് ഒരു ടീച്ചറിന്റെ  കിണറും വൃത്തിയാക്കണം പിന്നെ   വൈകിട്ട് നമുക്ക് ഉണ്ണിമാഷിനെ കൂട്ടി പുഴയുടെ അക്കരെ പാടത്തിന് അപ്പുറത്തുള്ള കാവിൽ ഉത്സവം കാണാൻ പോകാം എന്തക്കൊയോ പരിപാടികൾ  ഉണ്ട് “. “ശരി ആയിക്കോട്ടെ” ഞാൻ സമ്മതിച്ചു. ഉച്ചയ്ക്ക് മാഷിന്റെ വീട്ടിലെ ഊണിന് ശേഷം  വൈകിട്ട് കാവിൽ ഉത്സവത്തിന് പോകാം എന്നുള്ള  അരുണിന്റെ വാക്കുകേട്ട് ഞങ്ങൾ പിരിഞ്ഞു. മാഷിന്റെ മോള് രണ്ടാമത് തന്ന പായസത്തിന്റെ  മാധുര്യം കണ്ണുകളിൽ നിദ്രയുടെ ഓളം വെട്ടിച്ചു. വൈകിട്ട് അരുൺ വന്നു വിളിച്ചു. ഞങ്ങൾ കാവിൽ ഉത്സവത്തിന് പോകാൻ  ഇറങ്ങി ഉണ്ണിമാഷിനെ വിളിച്ചു. അച്ഛന്റെ കാലിൽ നല്ല വേദന ടീച്ചർ പൂമുഖത്ത് നിന്നു പറഞ്ഞു. ഇനി തണുപ്പടിച്ചിട്ട് അതു കൂട്ടണ്ടാ, മാഷിന്റെ  അനുവാദം വാങ്ങി ഞങ്ങള്‍ ഇറങ്ങി. പുഴ കടന്നു പാടത്തിന് അകലെയുള്ള കാവിലേക്ക്, രാത്രിയിൽ  മഞ്ഞുപൊടിയുന്നു എങ്കിലും നീലാകാശത്തിന്റെ വിരിമാറിൽ  പൊട്ടുകൾ  പോലെ നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നു. പകൽപോലെ വെണ്ണിലാവ് വിരിച്ച് ചന്ദ്രൻ ചിരിതൂകി നില്‍ക്കുന്നു. അരുൺ എന്തക്കൊയോ പറഞ്ഞുകൊണ്ട് നടക്കുന്നു.  പണ്ട് ചെറുപ്പത്തിൽ  ഉത്സവത്തിന് പോയതും  ആന വിരണ്ടോടിയതും എല്ലാം കേട്ടിട്ടും കേട്ടില്ലെന്നും നടിച്ച് ഞാനും നടന്നു. രാത്രി  വളരെ വൈകി ആണു ഞങ്ങൾ ഉത്സവം കണ്ടു മടങ്ങിയത്.

തിരികെ വന്നു മാഷിന്റെ  കൃഷിയിടത്തിൽ സമീപത്തുള്ള വലിയ ഒരു കുളത്തിന്റെ  ചുറ്റുമതിലിൽ ഞാനും അവനും കിടന്നു. നീലാകാശത്തേക്ക്  നോക്കി ഇവിടെ വന്നിട്ട് നാള് കുറേയായി നാട്ടില്‍ ഒന്നു പോകണം. കുറെ ബന്ധങ്ങളുണ്ട്. ഒന്ന് കണ്ട് കേട്ട് പോരാം. വേറെ ഒന്നുമില്ല. ഞാൻ പറഞ്ഞു. മാഷ് എന്നാണ് പോകുന്നത്. അവന്‍ വളരെ ആകാംഷയോടെ ചോദിച്ചു. പോണം, പറയാം. എനിക്ക് ഏതു നാടും ഒരുപോലെയാ മാഷേ,  ബന്ധങ്ങളുമില്ല  ബന്ധനങ്ങളുമില്ലാ  വെറുതെ ജീവിച്ച്മരിക്കാൻ ഒരു ജന്മം. അവൻ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. അതുപോട്ടെ ഉണ്ണിക്കൃഷ്ണൻ  മാഷിന്റെ മകൾക്ക് കല്യാണം ഒന്നും ശരിയായില്ലല്ലേ നല്ല ഒരു ബന്ധം മാഷിന്റെ മകൾക്ക് കിട്ടും. അത് എനിക്ക് ഉറപ്പാണ്. അവൻ പറഞ്ഞു.  ഞാൻ വെറുതെ തലയാട്ടി. ഞങ്ങൾ എണീറ്റു. ഇന്ന്  രാത്രി ഇവിടെ തങ്ങാൻ  പറഞ്ഞു. വേണ്ട ഞാൻ പോണു രാവിലെ കുറെ കാര്യങ്ങളുണ്ട്.  അരുൺ  പെട്ടെന്ന് എണീറ്റു പോയി നിലാവിൽ അവന്റെ രൂപം ദൂരെമായുന്നത്  ഞാൻ നോക്കി നിന്നു. നാലഞ്ചു ദിവസത്തെ അവധി കണക്കാക്കി അടുത്ത ദിവസം തന്നെ ഞാൻ  നാട്ടിലേക്ക് യാത്രതിരിച്ചു. നാട്ടിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. പഴയ ബന്ധങ്ങൾ എല്ലാം പുതുക്കി.
   
പരിഭവങ്ങളുടെയും പരാതിയുടെയും ഒരു പ്രവാഹം ഒന്നും മനസിൽ തങ്ങിയിരുന്നില്ല. സുഹൃത്തിനോട് യാത്രപറഞ്ഞു വീണ്ടും ജോലി സ്ഥലത്തേക്ക് രാത്രിയോടെ  വീട്ടിൽ തിരിച്ചെത്തി. ഉണ്ണിക്കൃഷ്ണൻ മാഷിനെ കണ്ടില്ല. മാഷിനെ അന്വേഷിച്ച് അരുൺ രണ്ട് മൂന്നു ദിവസം അവിടെ വന്നിരുന്നു. ഞാൻ അവനോട് പറയാതെയാണ് പോയത് പിന്നെ കണ്ടില്ല. നാളെ കാണാം ഞാൻ വീട്ടിലേക്ക് നടന്നു. കുളി കഴിഞ്ഞു വെറുതെ പുറത്തിരുന്നു. ഞാൻ മിണ്ടാതെ പോയതിൽ അവനു  പരിഭവം കാണും.  നാളെ അവനെ കാണാം. മനസിലോർത്തു.  മുറ്റത്ത് നല്ല നിലാവ് ഉണ്ട്. ടീച്ചർ അപ്പുറത്ത് രാത്രിയിൽ എന്തൊക്കെയോ ചെയ്യുന്നതുകാണാം. മുല്ല മുഴുവൻ നന്നായി  പൂത്തു നില്‍ക്കുന്നു. ചെത്തി നന്നായി ഉണർന്നു  നില്‍ക്കുന്നു. രണ്ട് കൊച്ചു വാഴകൾ ഇലയാട്ടി നില്‍ക്കുന്നു. എല്ലാം അവന്റെ  കൈസ്പർശം. മാഷിനറിയാമോ? ഈ  ചെടികളോടും മാവിനോടും വാഴയോടുമെല്ലാം നമുക്ക് സംസാരിക്കാൻ കഴിയും നമ്മൾ പറയുന്നത് കേട്ട് അവർ തലയാട്ടും അവന്റെ വാക്കുകൾ  സത്യമാണെന്ന് തോന്നി. ചെറുകാറ്റിൽ നിലാവിൽ തലയാട്ടി നല്‍ക്കുന്ന സസ്യജാലങ്ങൾ, കണ്ണുകളിൽ  ഉറക്കം പടർന്നു. ഞാൻ ഉറങ്ങാൻ കിടന്നു. വീണ്ടും എന്തൊക്കെയോ ആലോചിച്ചുകിടന്നു.

എപ്പോഴൊ ഉറങ്ങിപ്പോയി.  രാവിലെ ടീച്ചറിന്റെ,  മാഷേ, മാഷേ എന്നുച്ചത്തിലുള്ള വിളികേട്ടാണ് എണീറ്റത്.  ഉറക്കച്ചടവോടെ ഞാൻ  ടീച്ചറിന്റെ മുന്നിൽ വന്നുനിന്നു.  എന്താണ് ടീച്ചർ, മാഷേ അത് അരുണിനെപ്പറ്റി എന്തൊ ഒരു വാർത്ത രാവിലെ കേട്ടു. ടീച്ചർ വല്ലാതെ ആയി.  എന്താണ് ടീച്ചർ അവനു പറ്റിയത്?  ടീച്ചറിന്റെ   കണ്ണുകളിൽ നിന്നും  കണ്ണുനീർ.   ഞാൻ പുറത്തിറങ്ങി നോക്കി.  ആളുകൾ  ധൃതിയിൽ നടന്നുപോകുന്നു. അതെ അരുൺ  എന്നും നിഴൽപോലെ പോകാറുള്ള വഴിയേ ആളുകൾ പോകുന്നു. അവരിൽ ഒരാളായി ഞാനും നടന്നുപോയി ദാ അവിടെയാണ് ആരോ കെചൂണ്ടി. ഒരു പഴയ കിണർ  ഞാൻ അടുത്തേക്ക് ചെന്നു. കിണറിന്റെ മരപ്പാലത്തിൽ ഒരു കയറിൽ അവൻ തൂങ്ങിയാടുന്നു. ആ മുഖത്ത് നിഷ്ക്കളങ്കമായ പഴയ പുഞ്ചിരി. ഇപ്പോഴും തുടിച്ചു നിൽക്കുന്നു. അല്ല ഇതിപ്പം എന്താ ഇങ്ങനെ? ഞാൻ കണ്ടു ശരിക്കും കണ്ടു ഞാൻ മെല്ലെ പിൻവാങ്ങി. തിരിച്ചു വീട്ടിൽ വന്നു. വീടിന്റെ പടവുകൾ കയറി കൽകെട്ടിൽ മെല്ലെ ഇരുന്നു. രാവിലെ മുല്ല പൂർണ്ണമായും വിരിഞ്ഞു തുടുത്തു നിൽക്കുന്നു. മഞ്ഞുവീണ വാഴയിലകളിൽ കൂടി തുള്ളികൾ നിലത്തേക്ക് പതിക്കുന്നു. ഞാൻ ചുറ്റും നോക്കി എവിടെ നോക്കിയാലും അവന്റെ മുഖം. എനിക്ക് കണ്ണുതുറക്കാൻ പറ്റുന്നില്ല. കണ്ണുനീർത്തുള്ളികൾ  ഉരുണ്ട് കൂടി താഴേക്ക്, ഞാൻ തലകുനിച്ചിരുന്നു.  ചുമലിൽ ഒരു സ്പർശം  മെല്ലെ മുഖമുയർത്തി നോക്കി ടീച്ചർ .. കണ്ടുവോ?  ഉം,, ഞാൻ മൂളി അവൻ എന്നും രാവിലെ എന്നെക്കാണാൻ വരുമ്പോൾ ഞാൻ  നല്ല ഉറക്കത്തിലായിരിക്കും.  ഇന്ന് ഞാൻ  അവനെ കാണാൻ ചെന്നപ്പോൾ അവൻ ഒരിക്കലും ഉണരാത്ത നിദ്രയിൽ ആയിരുന്നു. മാഷേ, ടീച്ചർ വിതുമ്പി. ഞാൻ എണീറ്റു നിന്നു. ടീച്ചർ എന്നോട് ചേർന്നു നിന്നു. ഞങ്ങളുടെ മുന്നിലൂടെആംബുലൻസ് ചീറിപ്പാഞ്ഞുപോയി. അതെ അവൻ  അരുൺ  ഇനി ഓർമ്മയാകുന്നു. •••

കെ . അജിത്കുമാർ

സീനിയർ  സൂപ്രണ്ട്

ഗവൺമെന്റ് കോളേജ് , കാര്യവട്ടം

•••••

അക്ഷര ഡിജിറ്റൽ ത്രൈമാസിക
Tagged:

One Comment

  • വളരെ മികച്ച നിലവാരം ഉയർത്താൻ നമ്മുടെ ഡിജിറ്റൽ സാംസ്കാരിക മാസികയ്ക്ക് കഴിയുന്നു….

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page

Discover more from Akshara Magazine - Akshara Public Library & Reading Room

Subscribe now to keep reading and get access to the full archive.

Continue reading